ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെരുവെമ്പ് എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിറകില്‍ പല കഥകള്‍ പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഈ പേര് ലഭിക്കാനിടയായതിന് പ്രധാനമായി പറയാനുള്ള കാര്യങ്ങള്‍ മൂന്നണ്ണമാണ്. ഒന്ന് ഈ ഗ്രാമത്തില്‍ ചേരമാന്‍ പെരുമാള്‍ മഹാരാജാവ് ഓരോ ദിവസം വീതം നൂറ്റി ഒന്നു ദിവസം നൂറ്റി ഒന്നു പ്രദേശത്തു താമസിച്ചു എന്നും താമസിച്ച പ്രദേശത്തെല്ലാം ഓരോ കുളവും ഓരോ അമ്പലവും നിര്‍മ്മിച്ചു എന്നും അങ്ങിനെ മൊത്തം നൂറ്റിയൊന്ന് കുളങ്ങളും നൂറ്റിയൊന്ന് അമ്പലങ്ങളും നിര്‍മ്മിച്ചു എന്നാണ് ഐതിഹ്യം. അങ്ങിനെ പെരുമാള്‍ എന്ന പേരില്‍ നിന്നും പെരുവെമ്പ് എന്ന പേര് വന്നു എന്ന് പറയപ്പെടുന്നു. പണ്ട് ധാരാളം പെരുത്ത വലിപ്പത്തിലുള്ള വേപ്പ് മരങ്ങള്‍ ഉണ്ടായിരുന്നു എന്നും പെരും വേപ്പ് എന്നതില്‍ നിന്നും പെരുവമ്പ് എന്ന പേര് വന്നു എന്നും പറയപ്പെടുന്നു. ഈ പ്രദേശത്തെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീ ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രം ഭഗവതിയുടെ പ്രതിഷ്ഠയാണ് അമ്പലത്തിലുള്ളത്, തമിഴില്‍ ഭഗവതിയെ അംബാള്‍ എന്നാണ് വിളിക്കുക അങ്ങനെ പെരിയ അംബാള്‍ എന്ന വിശേഷണത്തില്‍ നിന്നും പെരുവെമ്പ് എന്ന പേര് വന്നതായി പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.

സാമൂഹികസാംസ്കാരിക ചരിത്രം

പുരാതന കാലം മുതല്‍ക്കു തന്നെ ഈ പഞ്ചായത്തിന്റെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട പാലത്തുള്ളി എന്ന സ്ഥലത്ത് ഒരു കന്നുകാലി ചന്ത നടന്നു വന്നിരുന്നു. എല്ലാ തിങ്കളാഴ്ചയും അതിരാവിലെ തന്നെ കേരള സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അതുപോലെ ഇപ്പോഴത്തെ തമിഴ്നാടിന്റെ പൊള്ളാച്ചി, തുടിയല്ലൂര്‍, ഒട്ടന്‍സത്രം, കാരമട, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കന്നുകാലികളും കച്ചവടക്കാരും ഇവിടെ എത്തിച്ചേര്‍ന്ന് കച്ചവടം നടത്തിയിരുന്നു. ഈ പ്രദേശത്ത് 1928 മുതല്‍ അഞ്ചലാപ്പീസ് (തപാല്‍ ആപ്പീസ്) പ്രവര്‍ത്തിച്ചു വരുന്നു. 1915-ലാണ് ആദ്യമായി ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1915-ല്‍ പെരുവെമ്പ് ഗ്രാമസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തില്‍ സ്ഥാപിതമായ ഒരു എലിമെന്ററി സ്കൂളാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. 1951-ല്‍ ഈ പ്രദേശത്ത് ആദ്യമായി ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1981-ല്‍ യു.പി.വിഭാഗം ഉള്‍പ്പെടെയുള്ള ഒരു സ്വകാര്യ മാനേജ്മെന്റ് ഹൈസ്ക്കൂള്‍ സി.എ.എച്ച്.എസ് എന്ന പേരില്‍ സ്ഥാപിതമായി. ഇത് സാധാരണയായി ഏപ്രില്‍- മെയ് മാസങ്ങളിലാണ് ആഘോഷിക്കാറുള്ളത്. പഞ്ചായത്തില്‍ പ്രധാനപ്പെട്ട ഒരു ഗ്രന്ഥശാലയും 13 ചെറു വായനശാലകളും ഉണ്ട്.